പി പി ചെറിയാന്‍
ഡെന്‍വര്‍: 2020-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച കേസില്‍ ജയിലിലായ മുന്‍ കൗണ്ടി ക്ലര്‍ക്കും ട്രംപ് അനുകൂലിയുമായ ടീന പീറ്റേഴ്സിന്റെ തടവുശിക്ഷ കൊളറാഡോ ഗവര്‍ണര്‍ ജാരെഡ് പോളിസ് കുറച്ചു. വോട്ടിംഗ് യന്ത്രങ്ങളിലേക്ക് അനധികൃതമായി പ്രവേശനം അനുവദിച്ചതിന് എട്ട് വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ടീന.
ടീനയെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. അക്രമരഹിതമായ ഒരു കുറ്റകൃത്യത്തിന് ആദ്യമായി ശിക്ഷിക്കപ്പെടുന്ന ഒരാള്‍ക്ക് ഇത്രയും വലിയ തടവുശിക്ഷ നല്‍കുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെമോക്രാറ്റിക് ഗവര്‍ണറായ പോളിസ് ശിക്ഷ നാലര വര്‍ഷമായി കുറച്ചത്. ജൂണ്‍ ഒന്നിന് ടീന പാരോളില്‍ ഇറങ്ങും.
അതേസമയം, പോളിസിന്റെ ഈ തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ (ഡെമോക്രാറ്റിക്) മറ്റ് നേതാക്കളില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തോടും തിരഞ്ഞെടുപ്പ് വ്യവസ്ഥയോടും കാണിച്ച അനീതിയാണെന്ന് കൊളറാഡോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജീന ഗ്രിസ്വോള്‍ഡ് പ്രതികരിച്ചു.